മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ള
ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു

കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ (ജുഡിഷ്യല്‍) ഉറപ്പാക്കണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതികള്‍ ആറാഴ്ചയ്ക്കകം തീര്‍പ്പാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
വധശ്രമം,പീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പ്രതികള്‍ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവു കോടതിയില്‍ നിന്ന് വാങ്ങി വര്‍ഷങ്ങളോളം അറസ്റ്റ് ഒഴിവാക്കി പുറത്തു നില്‍ക്കുന്ന സ്ഥിതി നിലവിലുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിന്ന് വ്യാജരേഖകളുപയോഗിച്ചു 5.39 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പ്യൂണ്‍ എം.എ. മോഹനന്‍ നായര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.2019 ല്‍ കോന്നി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹരജിക്കാരന്‍ 2021 ഫെബ്രുവരി 16നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.അന്ന് അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവു നല്‍കി.പിന്നീടു രണ്ടു തവണ ഹരജി പരിഗണനയ്ക്കു വന്നെങ്കിലും 2021 മാര്‍ച്ച് 18നു ശേഷം ഈ ഹരജി പരിഗണനയ്ക്കു വന്നതേയില്ല.
ഇതിനിടെ 2021 ജൂലായ് 22ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി പത്തനംതിട്ട കോടതിയില്‍ കുറ്റപത്രം നല്‍കി.പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയോ തെളിവെടുപ്പു നടത്തുകയോ ചെയ്യാതെയാണ് കുറ്റപത്രം നല്‍കിയതെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം ഫലപ്രദമായിരുന്നോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും സമാന സ്ഥിതിയിലുള്ള നൂറുകണക്കിനു കേസുകള്‍ ഹൈക്കോടതിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത്തരത്തില്‍ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വര്‍ഷങ്ങളായി അറസ്റ്റ് ഒഴിവാക്കുന്നതിനാല്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍പെട്ട പ്രതികളെ പോലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍, തെളിവു ശേഖരിക്കല്‍, ആയുധം കണ്ടെടുക്കല്‍, ലൈംഗികക്ഷമത പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കാതെ അന്വേഷണ സംഘത്തിന് കുറ്റപത്രം നല്‍കേണ്ടി വരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *