പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി:പോപുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം കെ.എസ്.ആര്‍.ടി ബസുകള്‍ക്കടക്കം ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.ഹര്‍ത്താലിനെ തുടര്‍ന്ന് അഞ്ച് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് സര്‍ക്കാര്‍ ആദ്യം കോടതിക്ക് നല്‍കിയ വിശദീകരണത്തില്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ എടുത്തിട്ടുള്ള ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപുലര്‍ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് നടത്തിയ ഹര്‍ത്താലിനെതിരെ ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍,അഡീഷണല്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി നിര്‍ദേശിച്ചിരുന്നു.കൂടാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ സത്താറിന്റെ വസ്തുവകകള്‍ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.നവംബര്‍ ഏഴിന് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *