*അനുബന്ധ കുറ്റപത്രത്തില്‍ ഏക പ്രതി ശരത്ത്; ദിലീപിനെതിരേ തെളിവ് നശിപ്പിക്കല്‍ കുറ്റവും
*അന്വേഷണം അവസാനിപ്പിച്ചിട്ടില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അങ്കമാലിയിലെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.അനുബന്ധ കുറ്റപത്രത്തില്‍ ഏകപ്രതി ദിലീപിന്റെ സുഹൃത്തായ ശരത്താണെന്നാണ് സൂചന.കൂടാതെ കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ തെളിവ് നശിപ്പിച്ചെന്ന കുറ്റംകൂടി അധികമായി ചുമത്തും.നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിലെത്തുക.ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥരാണ് വൈകിട്ടോടെ കുറ്റപത്രം നല്‍കിയത്.ഇതിന്റെ നിയമപരമായ പരിശോധനകള്‍ക്ക് സമയമനുവദിച്ചുകൊണ്ട് കേസ് ഇനി വിചാരണക്കോടതി 27ന് പരിഗണിക്കും. അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ നിന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കും അവിടെ നിന്ന് വിചാരണക്കോടതിയിലേക്കുമാണെത്തുക.
അതേസമയം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹരജി വിചാരണക്കോടതി തള്ളി. പള്‍സര്‍ സുനി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതായി വിചാരണക്കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ചൂണ്ടിക്കാട്ടി. ചികിത്സ തുടരുന്നതിനാല്‍ നേരിട്ട് കാണണമെന്ന ഹരജി അനവദിക്കാനാവില്ലെന്നും വിചാരണക്കോടതി പറഞ്ഞു.
