നിയമത്തിന്റെയും ലൈംഗിക അജ്ഞതയുടേയും പേരില്‍ കുട്ടികള്‍ കേസില്‍പ്പെടുന്നു
കൊച്ചി: കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പുന: പരിശോധന വേണമെന്നാവശ്യപ്പെട്ടു.പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുര്‍ന്ന് 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി.ജി അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.അടുത്ത ബന്ധുക്കളടക്കമുള്ളവരില്‍ നിന്ന് പോലും കുട്ടികള്‍ ഗര്‍ഭം ധരിക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണെന്നും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ദുരുപയോഗം കുട്ടികളെ വഴിതെറ്റിക്കുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
സമാനമായ തരത്തില്‍ ഒരു പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ശരിയായ ലൈംഗിക വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നടത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞതും ജസ്റ്റിസ് വി.ജി അരുണ്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്ന് ഹരജിക്കാരിയുടെ മകളുടെ ഗര്‍ഭഛിദ്രത്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ വിധേയയാക്കണമെന്നും പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ പരിചരണവും ചികിത്സയും നല്‍കണമെന്നും ഉത്തരവിട്ടു.കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഹരജിക്കാരി തയ്യാറല്ലെങ്കില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.ശാരീരിക മാറ്റങ്ങളെത്തുടര്‍ന്ന് കുട്ടികളില്‍ ലൈംഗികാകര്‍ഷണം ഉണ്ടാകുമെന്നും മനശാസ്ത്രജ്ഞര്‍ ഇതു സ്വാഭാവികമെന്നു പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍ നിയമപ്രകാരം കുറ്റകരമാണെന്നുമാണ് നേരത്തെ ജസ്റ്റിസ് ബെച്ചു കുര്യന്‍ അഭിപ്രായപ്പെട്ടത്.നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു പോകുന്ന ചെറുപ്രായക്കാരെ ബോധവല്‍ക്കരിക്കാന്‍ പാഠ്യപദ്ധതിയില്‍ ഈ നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെടുന്നത്.
