കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; തുടര്‍ നടപടികള്‍ ചൊവ്വാഴ്ച വരെ സ്റ്റേ ചെയ്തു

നൗസിയ

കൊച്ചി; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സെടുത്ത കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.പ്ലസ് ടു കോഴക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഏപ്രിലില്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.ഷാജി ഭാര്യയുടെ പേരില്‍ നിര്‍മിച്ചെന്ന് ഇ.ഡി കണ്ടെത്തിയ കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കള്‍ കോഴപ്പണമുപയോഗിച്ചുള്ളതാണെന്ന് ആരോപിച്ചാണ് കണ്ടുകെട്ടിയത്.
അഴീക്കോട് എം.എല്‍.എയായിരിക്കെ 2016ല്‍ ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ആദ്യം ആരോപണമുയര്‍ന്നത്.സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി.2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോഴിക്കോട് ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *