കൊച്ചി: കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍ ഡെപ്യൂട്ടേഷനിലുള്ളതെന്നും എന്‍.ഐ.എ അന്വേഷണം വന്നാലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ളവരാണ് ഉദ്യോഗസ്ഥരെന്നും അതുകൊണ്ടാണ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കര്‍ തനിക്കു സമ്മാനമായി നല്‍കിയ ഐഫോണ്‍ എന്‍.ഐ.എ പിടിച്ചെടുത്തിട്ടും അത് മഹസറില്‍ ഉള്‍പ്പെടുത്താത്തത് അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്നതായും സ്വപ്ന വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന ചാറ്റുകളും മറ്റു വിവരങ്ങളും അടങ്ങുന്ന ഫോണ്‍ ഇപ്പോള്‍ കാണാനില്ല.ഐ ക്ലൗഡില്‍ നിന്ന് ഇവ വീണ്ടെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇ.ഡി അന്വേഷണത്തെ അട്ടിമറിക്കാനാണ്.ഇതിന് മുമ്പ് ഇ.ഡി അന്വേഷണം ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമം കോടതി തടഞ്ഞിരുന്നു.കോടതിക്ക് മുന്നിലും ഇ.ഡിക്കും താന്‍ നല്‍കിയ മൊഴികള്‍ സത്യമാണ്. ഇതിന് തെളിവുകളുടെ പിന്‍ബലവുമുണ്ട്. എന്നാല്‍, മുഖ്യമന്ത്രിക്കെതിരെ ശത്രുത വളര്‍ത്താന്‍ നടത്തിയ അസത്യ പ്രസ്താവന എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. സമാനാനാന്തരീക്ഷം തകര്‍ക്കാനും അക്രമ വാസന വര്‍ധിപ്പിക്കാനും രാഷ്ട്രീയ താല്‍പര്യത്തോടെ അപകീര്‍ത്തകരമായ പരാമര്‍ശങ്ങളാണ് താന്‍ നടത്തിയതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. താന്‍ പറഞ്ഞത് തെറ്റാണെന്ന് അന്വേഷണം നടത്താതെ തീരുമാനിക്കുന്നതെങ്ങിനെ. തെളിവില്ലാത്തതാണ് പരാമര്‍ശമെന്ന് എങ്ങിനെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.അതിനാല്‍, ഇപ്പോഴത്തെ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
കേരള കേഡറിലുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് എന്‍.ഐ.എയില്‍; കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ പറഞ്ഞതായും സ്വപ്ന
