വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിഷേധം;ജാമ്യഹരജികള്‍ വിധി പറയാന്‍ മാറ്റി

youthcongressstrikeinflight

കൊച്ചി: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.മുഖ്യമന്ത്രിയ്ക്കു നേരെ അക്രമികള്‍ പാഞ്ഞടുക്കുകയും നിന്നെ വെച്ചേക്കില്ലന്ന് ആക്രോശിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.പ്രതികളുടെ അക്രമത്തില്‍ സുരക്ഷ ജീവനക്കാരന് പരുക്കേറ്റുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.സംഭവം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ മൂന്ന് പ്രതികളും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു.ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതിഭാഗം പറഞ്ഞു.വിമാനത്തിന് അകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനമുണ്ടോയെന്നും ദൃശ്യം ലഭിച്ചാല്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ചെറുവിമാനം ആയതിനാല്‍ സിസി ടിവിയില്ലന്ന് ഡി.ജി.പി വ്യക്തമാക്കി.അത് ഇപ്പോള്‍ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന് ഹരജികളെല്ലാം വിധി പറയാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *