ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

teenagesexpocsocase

ലൈംഗീക ബന്ധ നിയമവ്യവസ്ഥകളിലെ അജ്ഞത പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

കൊച്ചി: ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍കരിക്കാന്‍ ഇതുസംബന്ധിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം നിര്‍ദേശിച്ചത്.സ്‌കൂള്‍ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളിലെ പ്രതികളേറെയും വിദ്യാര്‍ഥികളും ചെറുപ്രായക്കാരുമാണെന്നും നിയമത്തിന്റെ അജ്ഞത കാരണമാകാമെന്നും കോടതി വിലയിരുത്തി.തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ലെ വ്യവസ്ഥകളും പോക്‌സോ നിയമ വ്യവസ്ഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനാന്‍ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും ഹരജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.ലൈംഗികാതിക്രമം തടയുന്നതിനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്‌കൂള്‍ തലത്തില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ്.
നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരം കാര്യങ്ങളില്‍ മതിയായ ബോധവത്കരണം നല്‍കാനാവുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.ശാരീരികമായ മാറ്റങ്ങളെത്തുടര്‍ന്ന് കുട്ടികള്‍ക്കിടയില്‍ ലൈംഗികാകര്‍ഷണമുണ്ടാവുകയും ഇത് ലൈംഗീകാക്രമണത്തിന് കാരണമാവുകയും ചെയ്യും. മനശാസ്ത്രജ്ഞര്‍ ഇതു സ്വാഭാവികമെന്നു പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു പോകുന്ന ചെറുപ്രായക്കാരുമുണ്ട്.ഇത്തരമൊരു സാഹചര്യത്തിലാണ് പാഠ്യപദ്ധതിയില്‍ ഈ നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നു പറയുന്നതെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.ഹരജി ആഗസ്റ്റ് 31നു വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *