കൊച്ചി: ഓഫിസിലെ ജീവനക്കാരിയോട് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടെന്ന കേസില്‍ ക്രൈം മാസികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെ വെളളിയാഴ്ച വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന പൊലിസ് വാദം അംഗീകരിച്ചാണ് എറണാകുളം മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രിയുടെ രൂപസാദ്യശ്യമുള്ള ജീവനക്കാരിയോട് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. ജീവിക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി ഇന്‍ഫോ പാര്‍ക്ക് പൊലിസില്‍ നല്‍കിയ പരാതിയിലാണ് നന്ദകുമാര്‍ അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനായിരുന്നു അന്ന് കേസെടുത്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ പേര് അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ സ്വപ്ന,പി.സി ജോര്‍ജ് എന്നിവര്‍ നടത്തിയ ഗൂഢാലോചനയില്‍ നന്ദകുമാറിനും പങ്കുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.സ്വപ്ന, പി.സി ജോര്‍ജ്,നന്ദകുമാര്‍ എന്നീ മൂവര്‍ സംഘം മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് സരിത എസ്.നായര്‍ ആരോപിച്ചിരുന്നു.എന്നാല്‍, സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു.
അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ടി.പി നന്ദകുമാറിനെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു
