കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.ഇത്തരത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയെന്ന കാര്യം വിചാരണ കോടതിയെ അറിയിക്കുകയും ചെയ്യും.കൂടുതല്‍ സമയം തേടിയുള്ള സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍ അന്വേഷണം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ തന്നെ സമീപിച്ചിരിക്കുകയാണിപ്പോള്‍.ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടന്‍ ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയതിന് തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തായാക്കിയിട്ടില്ലന്നും അതിനാല്‍ തുടരന്വേഷണത്തിന് മൂന്നു മാസം കൂടി സമയം വേണമെന്നാണ് ആവശ്യം. അതോടൊപ്പം വിചാരണ കോടതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതിനെക്കുറിച്ച് അന്വേഷിക്കണം.സാക്ഷികളടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പല തീയതികളിലും പരിശോധിച്ചതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ പലതവണ ദൃശ്യങ്ങള്‍ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുമായി ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണം.ഇതില്‍ അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയ ഉത്തരവ് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല. മറ്റെല്ലാ ഉത്തരവുകളും പ്രോസിക്യൂട്ടര്‍ക്ക് നേരിട്ട് നല്‍കിയിരുന്നെങ്കിലും ഇതുമാത്രം തപാലില്‍ അയച്ചു.ഇക്കാര്യവും ഹൈക്കോടതിയില്‍ പരിഗണിക്കമെന്നും ഹരജിയില്‍ പറയുന്നു.
