എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ഉടന്‍ അറസ്റ്റിലാകും
കൊച്ചി: നടന്‍ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കേ യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക് മുങ്ങിയത് നടന്‍ വിജയ് ബാബുവിന് കുരുക്കായി.കേരളത്തിലേക്ക് എത്തിയ ശേഷം മുന്‍കൂര്‍ ജാമ്യം പരിഗണിക്കാമെന്ന ഹൈക്കോടതി തീരുമാനമാണ് കുരുക്കായിരിക്കുന്നത്.എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ഉടന്‍ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ഇന്ന് മറ്റൊരു ബഞ്ചാണ് മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത്.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചായിരിക്കും ഇനി ഹരജി പരിഗണിക്കുക.
ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്ന് മുതല്‍ മാറ്റം വരുന്നതിനാല്‍ ഇന്നലെ ഹരജി പരിഗണനയ്ക്ക് വന്നപ്പോള്‍ ചൊവ്വാഴ്ച മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമക്കേസുകളിലെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന ബെഞ്ചിലാണ് വിജയ് ബാബുവിന്റെ ഹരജി ഇന്ന് പരിഗണിക്കുന്നത്.മാര്‍ച്ച് 16നും 22നും വിജയ്ബാബു തന്നെ ബലാല്‍സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.അന്വേഷണം നടക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിലേക്ക് പോയി.തുടര്‍ന്ന് വിദേശത്തിരുന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേ നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കുകയായിരുന്നു.അതേസമയം അറസ്റ്റ് കോടതി വിലക്കിയുമില്ല.എന്നാല്‍ കേസ് എടുത്ത വിവരം അറിയാതെയാണ് താന്‍ വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്.എന്നാല്‍ നിയമനടപടിയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് അതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.ഇതേതുടര്‍ന്ന് 30-ാം തിയതിയായ ഇന്നലെ നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ അറസ്റ്റ് വിലക്കാത്തതിനാല്‍ എയര്‍പോര്‍ട്ടിലിങ്ങുന്ന സമയത്ത് തന്നെ താന്‍ അറസ്റ്റിലാവുമെന്ന അവസ്ഥയില്‍ ദുബയില്‍ നിന്നും മടങ്ങിവരാനുള്ള തീരുമാനം വിജയ്ബാബു നീട്ടിയിരിക്കുകയാണിപ്പോള്‍.