ലൈംഗിക പീഡന കേസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതിനല്‍കാനാവുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമക്കേസുകളില്‍ അന്വേഷണഘട്ടത്തിലാണ് ഇരകള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നതെന്നും ലൈംഗിക പീഡന കേസില്‍ പരാതി ഉന്നയിക്കാന്‍ കഴിയുന്ന വിധം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിനെ കുറച്ച് ആലോചിക്കണമെന്നും ഹൈക്കോടതി.ലൈംഗിക അതിക്രമത്തെ സംബന്ധിച്ച് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇര നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.ലൈംഗിക അതിക്രമത്തെ സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരേ സൈബര്‍ ആക്രമം നടത്താന്‍ പ്രത്യേക സംഘം തന്നെയുണ്ട്.
ഇത്തരം സാഹചര്യം ഒഴിവാക്കാനായി ഇരയാകുന്ന സ്ത്രികള്‍ക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃതമായ ടോള്‍ ഫ്രീ നമ്പര്‍ എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന സാധ്യത തേടുകയണ് ഹൈക്കോടതി.പീഢനത്തിന് ഇരയാകുന്ന സ്ത്രികള്‍ക്ക് പൊലിസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതി ഉന്നയിക്കാന് കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോലും നിരവധി കത്തുകളാണ് ലഭിക്കുന്നത്. പരാതി ഉന്നയിക്കാന്‍ എന്തുകൊണ്ടാണ് വൈകിയത് എന്നൊക്കെയാണ് സൈബര്‍ ഇടങ്ങളില്‍ ചോദിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ആക്രമണമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക അതിക്രമ കേസുകളില്‍ പൊലിസുകാര് തന്നെ മധ്യസ്ഥരാകുന്ന സാഹചര്യവും ഉണ്ട്. ഇതിനാലാണ് ഇരകള്‍ക്ക് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതി ഉന്നയിക്കാന്‍ വേണ്ട സാഹചര്യം വേണമെന്ന് പറയുന്നത്. ഇരകള്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാന്‍ വിക്ടിം ലെയ്‌സണ്‍ ഓഫിസറുടെ സംരക്ഷണം ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *