കൊച്ചി: ആക്രി കടയുടെ മറവില്‍ ന്യൂജന്‍ മയക്കുമരുന്നും കഞ്ചാവും കച്ചവടം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകുപീടികയില്‍ വീട്ടില്‍ അജ്മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടില്‍ അജ്‌നാസ് (27), എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ടീം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്.
കൂടാതെ അജ്‌നാസിന്റെ ആലുവ ചാലക്കലിലെ ആക്രി കടയില്‍ നിന്നും വന്‍ മയക്കുമരുന്നു ശേഖരവും പിടികൂടി.ആക്രി സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവും എം.ഡി.എം.എയും ഇവിടെ നിന്നും ബുധനാഴ്ച രാത്രി പൊലിസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി. യുവാക്കള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യം. ഐ.പി.എസ് ട്രയ്‌നി അരുണ്‍.കെ.പവിത്രന്‍, ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ്, എസ്.ഐമാരായ കെ.സതീഷ് കുമാര്‍, റ്റി.ബി.വിപിന്‍, ജോസ് മാത്യു, എ.എസ്.ഐ ജോഷി തോമസ്, എസ്.സി.പി.ഒ ഇഗ്‌നേഷ്യസ് ജോസഫ്, സി.പി.ഒ മാരായ ഷിജോ പോള്‍, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്.പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ 2.500 കിലോ എം.ഡി.എം.എയാണ് പോലീസ് പിടികൂടിയത്.മയക്കുമരുന്ന്-കഞ്ചാവ് കേസുകളില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാത്തതിനാല്‍ മയക്കുമരുന്ന് കച്ചവടം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.