കാസര്‍കോഡ് ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസര്‍കോഡ് പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവര്‍മ്മ കഴിച്ച് ആളുകള്‍ ചികിത്സ തേടിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.സംഭവത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ഹരജിയാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കാസര്‍കോട് സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും ഭക്ഷ്യസുരക്ഷയില്‍ സ്വീകരിക്കുന്ന നടപടികളാണ് അറിയേണ്ടതെന്നും വ്യക്തമാക്കിയ കോടതി ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റില്‍ നിന്ന് വിശദീകരണം തേടി. ഭക്ഷ്യസുരക്ഷക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാനും അനാലിസിസ് നടത്താനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടെന്നും കോടതി പറഞ്ഞു.കൊവിഡ് ഭീതിയില്‍ നിന്ന് കേരളം മാറി വരുന്നേയുള്ളൂ.ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളെ ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പട്ടു.

Leave a Reply

Your email address will not be published. Required fields are marked *