കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഈ മാസം 22ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹരജി മാറ്റിയത്.
2021 ആഗസ്റ്റ് 27 നാണ് സംഭവം നടന്നത്. തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടു പോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്ഷനില്‍ എത്തിയപ്പോള്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചെന്നായിരുന്നു പരാതി. രജിതയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ പിന്നീട് പിങ്ക് പൊലിസിന്റെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പെണ്‍കുട്ടി പിതാവ് മുഖേന നല്‍കിയ ഹരജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ സിംഗിള്‍ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
