കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.പരാതിക്കാരനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫിന്റെ ഹരജി ജസ്റ്റിസ് കെ.ഹരിപാലിന്റെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
കെ.എസ്.ആര്‍.ടി.സിയുടെ സ്വത്തുക്കള്‍ ഉദ്യോഗസ്ഥര്‍ അപഹരിക്കുന്നെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരന്‍ 2020 ആഗസ്റ്റില്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി.ഇതു രേഖപ്പെടുത്തി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് 2020 നവംബര്‍ നാലിന് ഹരജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.എന്നാല്‍ നാളിതുവരെ മുന്‍കൂര്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഹരജിക്കാരന്‍ ആരോപിക്കുന്നത്.അന്വേഷണത്തിന് സമയബന്ധിതമായി മുന്‍കൂര്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
കെ.എസ്.ആര്‍.ടി.സിയിലെ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി
