ബിന്‍സിയ
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ള മോഡലുകള്‍ കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ഫോര്‍ട്ട് കൊച്ചി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാറ്റും സൈജു തങ്കച്ചനും അടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ മോഡലുകളുടെ കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2021 നവംബര്‍ 1ന് പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ സ്വദേശിനിയും മുന്‍ മിസ് കേരളയുമായ അന്‍സി കബീറും,മോഡലും സുഹൃത്തുമായ ഡോ.അജ്ഞന ഷാജന്‍,മുഹമ്മദ് ആഷിഖ്,കാറോടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ എന്നിവരുള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ അബ്ദുള്‍ റഹ്മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു.ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍18 ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.മോഡലുകള്‍ സഞ്ചരിച്ച കാറിനെ ഹോട്ടലുടമ റോയിയുടെ സഹായിയായ സൈജു തങ്കച്ചന്‍ തന്റെ ഓഡി കാറില്‍ അമിത വേഗതയില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.അമിതമായി മദ്യപിച്ച് വാഹനമോടിച്ച അബ്ദുള്‍ റഹ്മാനാണ് കേസിലെ ഒന്നാം പ്രതി. ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ച സൈജുവിനും മോഡലുകളെ പിന്തുടരാന്‍ പ്രേരണ നല്‍കിയ ഹോട്ടലുടമ റോയിക്കുമെതിരേ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൂടാതെ കാറപട ശേഷം ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം കായലില്‍ ഉപേക്ഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് എതിരേ തെളിവു നശിപ്പിച്ചതിനും കേസെടുത്തു.സംഭവം നടന്ന് 4 മാസങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
