പിതാവില്‍ നിന്നും പീഢനത്തിനിരയായ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഈശ്വരനെ മനസില്‍ പ്രാര്‍ഥിച്ച് നിയമത്തിന് ചെയ്യാനാവുന്നത് ചെയ്യുന്നുവെന്ന് കോടതി

കൊച്ചി: 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടൂ.ഗര്‍ഭസ്ഥശിശുവിന്റെ പ്രായവും പെണ്‍കുട്ടിയുടെ ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് കോടതിയുടെ അപൂര്‍വ ഉത്തരവ്.പുറത്തെടുക്കുമ്പോള്‍ ശിശുവിന് ജീവനുണ്ടെങ്കില്‍ സംരക്ഷണവും പരിചരണവും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.പെണ്‍കുട്ടി 31 ആഴ്ച ഗര്‍ഭിണിയാണെന്നും ഭ്രൂണത്തിന് ജീവന്‍ ഉണ്ടെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഗവ.പ്ലീഡര്‍ വിദ്യ കുര്യാക്കോസ് ബോധിപ്പിച്ചു.
സ്വന്തം അച്ഛനില്‍ നിന്നും പീഢനം ഏല്‍ക്കേണ്ടിവന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭചഛിദ്രം നടത്താന്‍ അനുമതിയാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.പീഡനത്തിന് ഇരയായ കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകുമെന്നും പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ പ്രയാസമുണ്ടെങ്കില്‍ അബോര്‍ഷന്‍ നടത്താമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ എട്ട് മാസത്തിനടുത്ത് ഗര്‍ഭിണിയാണ്. ഇതിനാല്‍ ഈ നിയമത്തിന്റെ ആനുകൂല്യം ഈ കുട്ടിക്ക് ബാധകമാകില്ലെന്ന അവസ്ഥയിലാണ് അബോര്‍ഷന് അനുവാദത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്‌സോ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരേ പൊലിസ് എഫ.്‌ഐ.ആര്‍ ഇട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *