കൊച്ചി: ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുന്നതില്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാട്ടക്കാലവധി കഴിഞ്ഞ ഭൂമിയില്‍ നിന്ന് സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും നിലവില്‍ പുറമ്പോക്ക് ഭൂമി ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സമയം തേടിയിരിക്കുന്നത്.ചെങ്ങറ ഭൂ സമരക്കാര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുമെന്ന കരാര്‍ സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ലെന്ന് ആരോപിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഹരജി മാര്‍ച്ച് 23ന് പരിഗണിക്കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മാറ്റി.
പാട്ടക്കാലവധി ലംഘിച്ച് ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക 30 ദിവസത്തിനകം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള അധിക ഭൂമി കണ്ടെത്തുന്നതനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.പട്ടക്കാലവധി കഴിഞ്ഞ ഭൂമിയില്‍ നിന്ന് ഭൂമി അനുവദിക്കുന്നതിന് സര്‍ക്കാരിന്റെ ഉന്നത തലത്തിലുളള തീരുമാനം വേണം.ഏറെ നീണ്ട പ്രക്രിയാണത്.അതിനാല്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട,തൃശ്ശൂര്‍.കണ്ണൂര്‍ ജില്ലകളിലായി 9.34 ഹെക്ടര് സ്ഥലമാണ് ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ശാന്തപാറ വില്ലേജില് 11 ഹെക്ടറോളം സ്ഥലം ഉള്ളതായി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്ത് സര്‍വേ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇത് ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ അനുയോജ്യമാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്.മലപ്പുറം എടയാര്‍ വില്ലേജില്‍ 4.76 ഹെക്ടര് സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടേയ്ക്ക് റോഡ് അടക്കമുള്ള സൗകര്യം നിലവിലില്ല.ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണര്‍ അനു എസ്.നായര്‍ ആണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 6 മാസംകൂടി സമയം തേടി
