കൊച്ചി:പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു വയസുകാരിയെ വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അര്‍ജ്ജുനെതിരേ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പ്രതി അര്‍ജ്ജുനും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന പൊലിസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഹരജി തള്ളിയത്.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന സെക്ഷന്‍ 3(2)(V) പ്രകാരമുള്ള നിയമമനുസരിച്ച് പ്രതിക്കെതിരേ പത്തു വര്‍ഷം വരെ അധിക തടവുശിക്ഷ ലഭിക്കുമായിരുന്നു. എന്നാല്‍ പ്രതിയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ ഈ നിയമ പ്രകാരം കുറ്റം ചുമത്താന്‍ തടസമുണ്ട്. മാത്രമല്ല, ഇര പട്ടികജാതി വിഭാഗക്കാരിയെന്ന ബോദ്ധ്യത്തോടെ ആക്രമണം നടത്തിയെന്ന് തെളിയിക്കുകയും വേണം. അര്‍ജ്ജുന്‍ പട്ടികജാതിക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്ന് പൊലിസ് വ്യക്തമാക്കി. ഇതു തെറ്റാണെന്നും അര്‍ജ്ജുന്റെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചതാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി കുറ്റം ചെയ്തതെന്ന് പ്രഥമ വിവര മൊഴിയിലോ മറ്റു രേഖകളിലോ ഇല്ലെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഹരജി തള്ളിയത്. 2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലായത്തിലെ മുറിയില്‍ പെണ്‍കുട്ടിയെ പ്രതി പീഢനത്തിനിരയാക്കിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പട്ടികജാതി വകുപ്പ് ചേര്‍ക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
