കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാമൂഹികസേവനം ശിക്ഷയായി വിധിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹൈക്കോടതി നിര്‍ബന്ധിത സാമൂഹിക സേവനത്തിനു ഉത്തരവിട്ടത്. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ ഉത്തരവ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ പല വിധത്തിലുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കോടതി ഉത്തരവ്. റാഗിങിന്റെ പേരില്‍ വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. റെയില്‍വേ ട്രാക്കിനു സമീപത്തുവെച്ച് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൂക്കിന് ഇടിച്ചു പരിക്കേല്‍പ്പിച്ചുവെന്നുമായിരുന്നു ആരോപണം. കേസിലെ വാദികളും പ്രതികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ഥികളോട് പ്രതികള്‍ ക്രൂരമായാണ് പെരുമാറിയതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ സി എസ് ഹൃഥ്വിക് വാദിച്ചു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ സാമൂഹിക സേവനം നടത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി സാമൂഹിക സേവനത്തിനു നിര്‍ദ്ദേശം നല്‍കിയത്.ജനറല്‍ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു പ്രതികള്‍ ചെയ്യേണ്ട സാമൂഹിക പ്രവര്‍ത്തനം സംബന്ധിച്ചു തീരുമാനിക്കണമെന്നു ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്കു കോടതി നിര്‍ദശം നല്‍കി.
ഓരോ ദിവസവും ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും രണ്ടാഴ്ച സേവനം നടത്തണമെന്നാണ് കോടതി ഉത്തരവ്. പ്രതികള്‍ സാമൂഹിക സേവനം നടത്തിയെന്നു തെളിയിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കി.
റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി സാമൂഹിക സേവനം ശിക്ഷയായി വിധിച്ചു
