കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി 17ന് പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വിശദീകരണത്തിന് മറുപടി നല്‍കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.ദിലീപ് ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പടെയുളള തെളിവുകള്‍ നശിപ്പിച്ചെന്ന് ചൂണ്ടി കാട്ടിയാണ് ക്രൈം ബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ പ്രതികള്‍ ഫോണുകള്‍ മാറ്റി.
മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകള്‍ ദിലീപ് പരിശോധനക്ക് നല്‍കി. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു.ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്. ഇങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയില്ല. അഭിഭാഷകന്‍ വഴിയാണ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. മുംബൈയിലെ ലാബില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തുവെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. പൊലിസുകാര്‍ വാദികളായ കേസില്‍ അന്വേഷണം നീതിയുക്തമായി നടക്കില്ല.ഈ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.
വധ ഗൂഢാലോചന: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്ദിലീപ് സമര്‍പ്പിച്ച ഹരജി 17ന് പരിഗണിക്കാന്‍ മാറ്റി
