മന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.വാണി എ.കേസരിയുടെകുസാറ്റ് ഡയറക്ടര്‍ നിയമനം ഡിവിഷന്‍ ബഞ്ചും ശരിവച്ചു

കൊച്ചി: കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.വാണി എ. കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചു.2009ല്‍ സര്‍വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഉദ്യോഗാര്‍ത്ഥിയായിരുന്ന ഡോ.സോണിയ കെ. ദാസ് സമര്‍പ്പിച്ച അപ്പിലാണ് ജസ്റ്റിസ്മാരായ എ.ജയശങ്കരന്‍ നമ്പ്യാര്‍ സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിയത്.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.രാജീവിന്റെ ഭാര്യയാണ് ഡോ.വാണി. കേരള സര്‍വകലാശാലയില്‍ എല്‍.എല്‍.എം റാങ്ക് ജേതാവായ വാണി എം.ജി സര്‍വകലാശാല ലീഗല്‍ തോട്ടില്‍ അധ്യാപികയായിരിക്കെയാണ് കുസാറ്റില്‍ അധ്യാപികയായി നിയമിതയായത്. അധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷന്‍ കമ്മറ്റി മാര്‍ക്ക് നല്‍കിയതെന്നും നിയമന ലിസ്റ്റില്‍ വാണി ഒന്നാം റാങ്ക്കാരിയായതെന്നും വിലയിരുത്തിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്.ഏഴര വര്‍ഷത്തെ അദ്ധ്യാപന പരിചയവും മറ്റ് യോഗ്യതകളും ഉള്ളപ്പോള്‍ ഹരജിക്കാരിക്ക് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന സര്‍വകലാശാലയുടെ വാദം കോടതി ശരിവച്ചു.
യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമല്ല സെലക്ഷന്‍ കമ്മറ്റി രൂപികരിച്ചതെന്ന വാദം നിലനില്‍ക്കില്ലന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.യു.ജി.സി മാര്‍ഗ നിര്‍ദേശങള്‍ പിന്‍തുടരാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവില്‍ നിയമനങ്ങള്‍ ബന്ധപ്പെട്ട സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നതായി കോടതി പറഞ്ഞു.സെലക്ഷന്‍ കമ്മറ്റിയുടെ രൂപീകരണം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണ്. കമ്മറ്റിയുടെ രൂപികരണം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സെലക്ഷന്‍ കമ്മറ്റിയിലെ വിദഗ്ദ്ധരുടെ നിയമനത്തെക്കുറിച്ച് ആര്‍ക്കും പരാതിയില്ല.വാണി 14 വര്‍ഷമായി കുസാറ്റില്‍ സേവനം അനുഷ്ഠിച്ച് വരുകയാണന്നും കോടതി പറഞ്ഞു.സര്‍വകലാശാല നിയമപ്രകാരമാണ് നിയമന നടപടികള്‍ എന്ന അറിവോടെ നടപടിക്രമങ്ങളില്‍ പങ്കെടുത്ത ഹരജിക്കാരിക്ക് പിന്നീട് നിയമന നടപടികള്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ലന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
എം.ജി സര്‍വകലാശാലയിലെ അധ്യാപക നിയമനവും നേരത്തെ മറ്റൊരു പൊതുതാല്‍പ്പര്യ ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *