കൊച്ചി: നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണെന്നത് വിഷയമല്ലന്നും ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല.കോര്‍പറേഷന്‍ അനുമതി നല്‍കാതെ എങ്ങനെയാണ് ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചതെന്നും കോടതി ചോദിച്ചു.കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടിയ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
കോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയാണ്. ഇതാണോ നവകേരളമെന്നും കോടതി ചോദിച്ചു.റോഡ് സുരക്ഷ നിയമം ലംഘിച്ച് എത്ര ബോഡുകള്‍ വച്ചിരുന്നു എന്ന് വ്യക്തമാക്കി കോര്‍പറേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങളുടെ നേരെ കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണം.പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.
ഇതില്‍ നടപടിയെടുത്തില്ലങ്കില്‍ നാളെ ഇതുതന്നെ മറ്റുള്ളവരും ആവര്‍ത്തിക്കില്ലേയെന്നും കോടതി ചോദിച്ചു.അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്ത കോര്‍പറേഷന്‍ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു.സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് വച്ച ഫ്‌ളക്‌സും ബാനറും നീക്കം ചെയ്തതായി കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.
സി.പി.എം സമ്മേളനത്തിലെ കൊടികള്‍ എന്തു ചെയ്‌തെന്ന ചോദ്യത്തിന് അത് പാര്‍ട്ടികാര്‍ തന്നെ കൊണ്ടുപോയെന്ന് കോര്‍പറേഷന്‍ മറുപടി നല്‍കി.പാര്‍ട്ടിക്കാര്‍ തന്നെ കൊടികള്‍ കൊണ്ടുപോയതില്‍ സന്തോഷമെന്നായിരുന്നു കോടതി പറഞ്ഞത്.കോടികള്‍ മുടക്കി നഗരം മോടി പിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവ്യത്തികളുണ്ടാകുന്നത്.നഗരം മോടി പിടിച്ച ശേഷം വലിയ ബാനറുകള്‍ സ്ഥാപിക്കും.പിന്നീടവ മാറ്റുമ്പോള്‍ അവശിഷ്ടം പൂര്‍ണമായും മാറ്റില്ല. മരങ്ങളില്‍ ആണിയിടിച്ച് പലപ്പോഴും ഫളക്‌സുകള്‍ സ്ഥാപിക്കും. അപകടകരമായ രീതിയില്‍ ബാനറുകള്‍ സ്ഥാപിച്ച് വഴിയാത്രക്കാരുടെ യാത്ര മുടക്കും.വലിയ അപകടങ്ങളും ക്ഷണിച്ച് വരുത്തുക പതിവാണ്. ചെന്നൈയില്‍ രണ്ടുപേരുടെ മരണത്തിന് ഇത്തരം അനധിക്യത ബോര്‍ഡുകള്‍ കാരണമാക്കി.ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കൂട്ടുനില്‍ക്കില്ലന്നും കോടതി വ്യക്തമാക്കി.ഈ മാസം 22ന് ഹരജി വീണ്ടും പരിഗണിക്കും.
നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
