കൊച്ചി: തിരുവനന്തപുരം എയർപോർട്ടിലെ പ്ളസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പു വഴി 16 കോടിയുടെ തിരിമറി നടത്തി വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് എറണാകുളം അഡീ.സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് പി.എസ്. രാമസ്വാമി കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി.
ലൂക്കിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി. ജെ.എം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. അതിനുശേഷമേ ജാമ്യാപേക്ഷ പരിഗണിക്കൂ.
അന്വേഷണവുമായി സഹകരിക്കാതെയും, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രതിക്ക് ജാമ്യം നൽകിയാൽ കേസ് ദുർബലപ്പെടുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.2017 സെപ്തംബർ ഒന്നു മുതൽ 2017 ഡിസംബർ 15 വരെയുള്ള കാലയളവിൽ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്ത ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് ഇവരുടെ പേരിൽ വിദേശമദ്യം പുറത്തെത്തിച്ച് വില്പന നടത്തി നികുതി വെട്ടിച്ചെന്നാണ് കേസ്. പ്ളസ് മാക്സ് എന്ന മലേഷ്യൻ കമ്പനിക്ക് 17 എയർലൈൻ കമ്പനികളിൽ നിന്നായി 13,000 ത്തോളം യാത്രക്കാരുടെ വിവരങ്ങൾ നൽകിയത് ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. ലൂക്ക് യാത്രാ വിവരങ്ങൾ ആർക്കാണ് കൈമാറിയതെന്നതടക്കം അറിയാൻ വിശദമായ അന്വേഷണം വേണം. ചോദ്യം ചെയ്യലിന് എപ്പോഴും ഹാജരായിരുന്നെന്നും കസ്റ്റഡി ആവശ്യമില്ലെന്നുമുള്ള ലൂക്കിന്റെ ജാമ്യാപേക്ഷയിലെ വാദം കളവാണെന്നും കസ്റ്റംസ് പറയുന്നു.
മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന പ്രതിയുടെ ആരോപണവും ശരിയല്ല. മൊഴി രേഖപ്പെടുത്തിയ നടപടികൾ വീഡിയോയിൽ പകർത്തിയിരുന്നു. ഇതു മുദ്രവെച്ച കവറിൽ നൽകാം. തന്റെ മേലുദ്യോഗസ്ഥന്റെ അനുമതിയോടെയാണ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചതെന്ന് ലൂക്ക് മൊഴി നൽകിയിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കണം. മൊഴി മുദ്രവെച്ച കവറിൽ ഹാജരാക്കാമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

