കൊച്ചി: കാസർകോട് ഹംസ വധക്കേസിലെ രണ്ടാം പ്രതി കാസർകോട് തളങ്കര ഖാസി ലെയിനിൽ കെ.എം. അബ്ദുള്ളയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.1989 ഏപ്രിൽ 29 ന് കാസർകോട് ദേശീയപാതയിൽ ചട്ടംചാലിൽ വച്ച്സ്വർണ്ണ കള്ളക്കടത്തു ഒറ്റിക്കൊടുത്തെന്ന പേരിൽ ഹംസയെ അബ്ദുള്ളയടക്കമുള്ള പ്രതികൾ വെടിവച്ചു കൊന്നെന്നായിരുന്നു കേസ്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും അതുകഴിഞ്ഞ് സി.ബി.ഐയ്ക്കും കൈമാറിയിരുന്നു. കേസിൽ 2010 സെപ്തംബർ 29 നാണ് എറണാകുളം അഡി. സെഷൻസ് കോടതി അബ്ദുള്ളക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിൽ തെളിവില്ലന്ന് കണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് പ്രതിയെ വെറുതെ വിട്ടത്.
പാകിസ്ഥാൻ അബ്ദുറഹ്മാൻ എന്നു വിളിക്കുന്ന അബ്ദു റഹ്മാന്റെ കള്ളക്കടത്തു സംഘത്തിലെ അംഗങ്ങളായിരുന്നു ഹംസയും അബ്ദുള്ളയും. സ്വർണ്ണക്കടത്തിന്റെ പ്രതിഫലത്തെച്ചൊല്ലി തർക്കമുണ്ടായതിനെത്തുടർന്ന് ഹംസ ഒറ്റുകാരായി. ഹംസ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ 100 സ്വർണ്ണക്കട്ടികൾ വീതമുള്ള 16 ജാക്കറ്റുകൾ പിടിച്ചെടുത്തു. ഇതിനുള്ള പ്രതിഫലമായി അന്ന് 93 ലക്ഷം രൂപയാണ് ഡി.ആർ.ഐ വാഗ്ദാനം ചെയ്തത്. ഇതിൽ ആദ്യ ഗഡു നൽകുകയും ചെയ്തു. ഈ സംഭവം അറിഞ്ഞതോടെയാണ് കള്ളക്കടത്തു സംഘം ഹംസയെ വകവരുത്തിയത്. കേസിൽ 19 പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇവരിൽ ഒന്നാം പ്രതി പാകിസ്ഥാൻ അബ്ദുറഹ്മാൻ ഉൾപ്പെട്ട എട്ടുപേർ ഒളിവിൽ പോയി. മൂന്നു പേർ മാപ്പുസാക്ഷികളായി. ശേഷിച്ച എട്ടുപേരാണ് വിചാരണ നേരിട്ടത്. ഇവരിൽ അബ്ദുള്ള ഉൾപ്പെട്ട ആറു പേരെ കോടതി ശിക്ഷിച്ചു.
പ്രമാദമായ ഹംസ വധക്കേസിലെ രണ്ടാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി
