കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് . സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ജ. ദേവന്‍ രാമചന്ദ്രന്റെ മുന്പാകെ എത്തിയ ഹരജികളില്‍ സര്‍വേ തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ സമീപിക്കുകയും ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലിരിക്കെ തന്നെ സിംഗിള്‍ ബഞ്ച് വീണ്ടും സര്‍വേ തടഞ്ഞ് രണ്ടാമത് ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും അപ്പീല്‍ നല്‍കിയത്. സില്‍വര്‍ലൈനില്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കേ സര്‍വേ തടഞ്ഞ് വീണ്ടും ഉത്തരവിട്ട സിംഗിള്‍ ബഞ്ച് നടപടിയില്‍ അഡ്വക്കറ്റ് ജനറല്‍ ഇന്നലെ കോടതിയില്‍ അതൃപ്തി അറിയിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പുതിയ അപ്പീല്‍ പരിഗണിക്കുമ്പോളാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അതൃപ്തി അറിയിച്ചത്
അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണെന്ന് സിംഗിള്‍ ബഞ്ചിനേ അറിയിച്ചില്ലേയെന്നു വാദത്തിനിടെ എജിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
അപ്പീല്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ സിംഗിള്‍ ബഞ്ചിനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് പുതിയ ഉത്തരവിറക്കിയതെന്നും അഡ്വക്കറ്റ് ജനറല്‍ ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.. പുതിയ പദ്ധതികള്‍ക്കായി കേരള സര്‍വേസ് ആന്‍ഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
