കൊച്ചി: ദമ്പതിമാര്‍ തമ്മില്‍ പരസ്പരമുള്ള ആശയ വിനിമയ വിവരങ്ങള്‍ കുറ്റാന്വേഷണത്തിന് തെളിവായി സ്വീകരിക്കേണ്ടതില്ലാത്ത,ഈ വിവരങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തെളിവ് നിയമത്തിലെ 122-ാം വകുപ്പ് തുടരേണ്ടതുണ്ടോയെന്ന് ഹൈക്കോടതി.
ജീവിത പങ്കാളിയെ ബാധിക്കുന്നതായാലും കുറ്റകൃത്യത്തെക്കുറിച്ച് അറിയുന്ന സത്യം കോടതിയെ അറിയിക്കുന്നതാണോ, ഈ നിയമത്തിന്റെ പിന്തുണയില്‍ സത്യം മറച്ചുവച്ച് കുടുംബ സമാധാനം സംരക്ഷിക്കുന്നതാണോ പ്രധാനമെന്നും പരിശോധിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനും ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ മെബര്‍ സെക്രട്ടറിക്കും വിധി ന്യായം അയച്ചു നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തി.
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി ഉടമയായിരുന്ന നൗഷാദ് വധക്കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയ വിധിയിലാണു കോടതിയുടെ നിരീക്ഷണം.കൊല്ലപ്പെട്ട നൗഷാദിന്റെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി.പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ടയാള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അതിന്റെ പകയാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.ഇതിനായി പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാനവാദം കൊലപാതകത്തിന് തലേദിവസം പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ടയാളും നടത്തിയ ഫോണ്‍ സംഭാഷണവും തുടര്‍ന്ന് നടന്ന തര്‍ക്കവുമായിരുന്നു.എന്നാല്‍ ഇത് തെളിവ് നിയമം 122 പ്രകാരം അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.ഈ കേസില്‍ പ്രതിയെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്റെ ഈ വാദം വേണ്ടിവന്നില്ലെങ്കിലും ഭാവിയിലാണെങ്കിലും ഒരു കുറ്റകൃത്യം തെളിയിക്കേണ്ട അവസ്ഥയില്‍ 122 ആക്ടിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കുന്നത് ഉചിതമാണോയെന്ന് പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്.
(ബോക്‌സ്) എന്താണ് 122-ാം വകുപ്പിന്റെ പ്രസക്തി..?
ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലെ വൈവാഹിക ജീവിത ബന്ധവും അവരുടെ ആശയവിനിമയവും പവിത്രമായി കാണുന്ന സാമൂഹ്യാവസ്ഥ പരിഗണിച്ചാണ് ഇന്ത്യന്‍ എവിഡന്‍സ് ആക്ട്-1872 ല്‍ സെക്ഷന്‍ 122 ആയി ഈ നിയമം വന്നത്. ഇതുപ്രകാരം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ അവരില്‍ ഒരാളെ ശിക്ഷിക്കുന്നതിന് വേണ്ടി മറ്റൊരാളില്‍ നിന്നും നിര്‍ബന്ധിച്ച് ശേഖരിക്കാന്‍ പാടില്ല.എന്നാല്‍ പങ്കാളി അനുമതി നല്‍കുകയോ ദമ്പതികളില്‍ ഒരാള്‍ മറ്റൊരാള്‍ക്കെതിരേ കേസ് നല്‍കുകയോ ചെയ്താല്‍ ഇത്തരം വിവരങ്ങള്‍ പരിഗണിക്കാവുന്നതാണ്.കൂടാതെ ദമ്പതിമാരില്‍ ഒരാള്‍ ചെയ്ത കുറ്റത്തിന് മറ്റേയാള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വന്നാലും ഈ നിയമത്തില്‍ ഇളവുണ്ട്.
