രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരായ നടപടി:ഹരജികള്‍ 18 ലേക്ക് മാറ്റി

raveendranpattayamhighcourt

കൊച്ചി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാനായി ഹൈക്കോടതി മാര്‍ച്ച് 18 ലേക്ക് മാറ്റി. ഭൂ പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999 ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ജനുവരി 18ന് ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ ഭൂരഹിതരായ കര്‍ഷകരടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.ഹരജി പരിഗണിക്കുന്നതിന് മുമ്പായി കക്ഷികള്‍ക്ക് വിശദീകരണം നല്‍കാനുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.റവന്യൂ വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘം നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയത്. 1964 ലെ ഭൂ പതിവു ചട്ടവും 1977 ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് ഈ പട്ടയങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തി സംഘം റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് 45 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *