നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നദിലീപിന്റെ ഹരജി ഹൈക്കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുളള ദിലീപിന്റെ ഹരജി ഹൈക്കോടതി തളളി.ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ കളളത്തെളിവുകള്‍ സൃഷ്ടിക്കാനാണ് തുടരന്വേഷണം നടത്തുന്നതെന്നാരോപിച്ച് എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തളളിയത്. ഏതുകേസിലും ഏതു സമയത്തും അന്വേഷണത്തില്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ പുനരന്വേഷണമോ തുടരന്വേഷണമോ നടത്താന്‍ പ്രോസിക്യൂഷന് അവകാശമുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഉത്തരവ്.തുടരന്വേഷണം തടയാന്‍ ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്ന് കാണിച്ച് അക്രമത്തിനിരയായ നടി ഈ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണെന്നും പരിശോധന വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്.എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെപ്പറ്റി നിലവില്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയോ,കേസ് അട്ടിമറിക്കാനും സാക്ഷികളെ കൂറുമാറ്റാനും ദിലീപിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
എന്നാല്‍ സാക്ഷി വിസ്താരം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ തനിക്കെതിരേ തെളിവൊന്നുമില്ലെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം വ്യാജത്തെളിവുകള്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ തുടരന്വേഷണം നടത്തുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഹരജിയിലെ വാദത്തിനിടെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവുണ്ടായതോടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.

One thought on “നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നദിലീപിന്റെ ഹരജി ഹൈക്കോടതി തളളി

  1. 20 സാക്ഷികൾ കൂറുമാറിയതോടെ പ്രോസിക്യൂഷന് നടിയെ പീഡിപ്പിച്ച കേസ് പരാജയപ്പെടുമെന്ന് ഉറപ്പായി.ഇതിനാണിപ്പോൾ തുടരന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *