പോക്‌സോ കേസില്‍ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും,സൈജുതങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

*അജ്ഞലിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും കൂട്ടു പ്രതിയും റോയിയുടെ സഹകാരിയുമായ സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഈ കേസില്‍ ഇവര്‍ക്കൊപ്പമുള്ള മറ്റൊരു പ്രതിയായ അജ്ഞലി റിമദേവിന് ജസ്റ്റിസ് പി. ഗോപിനാഥ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനാണ് ഈ കേസും കൈമാറിയിരിക്കുന്നത്.വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിക്കുകയും സ്വകാര്യവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ നിലവിലെ അവസ്ഥയില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. റോയ് വയലാറ്റിനെ കൂടാതെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സൈജുവിനേയും പോലിസ് പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ അമ്മയുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് പോക്‌സോ കേസിന് പിന്നിലെന്നാണ് പ്രതികളുടെ വാദം.റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നത്.ചില നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് പ്രതിഭാഗം തന്നെ കോടതിയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി ഹോട്ടലിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *