കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും അക്രമം തുടർക്കഥയാകുന്നു. ബംഗാൾ പോളിങ് തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ കടുത്ത സംഘർഷമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് നിരീക്ഷകർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി മമത ബാനർജി, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
ബിജെപി സ്ഥാനാർഥി സയ്ക്കത്ത് സർക്കാരിന്റെ പോളിങ് ഏജന്റിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞുനിർത്തുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തിപുരിലും നിംതാലയിലും തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ തടയുന്നതായും ബിജെപി ക്യാമ്പ് ഓഫീസുകൾ തകർത്തതായും പരാതി ഉയർന്നു.
ഭാംഗറിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ഏജന്റുമാരെ ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെത്തുടർന്ന് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകർ ബിജെപിക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് മമതയുടെ ആരോപണം.