കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവിയാകും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുക.
നിതിൻ രാജിന് നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 52 ദളിത് സംഘടനകൾ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഹർത്താലായിട്ടും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു.
വാഹനങ്ങൾ തടയുന്നതും കടകൾ അടപ്പിക്കുന്നതും ഉൾപ്പെടെയുള്ള സമരമുറകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിന് പാളിച്ച പറ്റി. പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാൻ മതിയായ പോലീസ് സന്നാഹം ഉണ്ടായിരുന്നില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചത് മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്കുള്ള രോഗികളെയും പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെയും ക്രൂരമായി ബാധിച്ചു. DHRM അടക്കമുള്ള സംഘടനകളുടെ നീക്കങ്ങൾ തിരിച്ചറിയുന്നതിൽ പോലീസ് പരാജയപ്പെട്ടതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അതേസമയം, ഹർത്താലിന്റെ പേരിൽ സമരക്കാർക്കെതിരെ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. നിതിൻ രാജിന് നീതി ലഭിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.