തിരുവനന്തപുരം: ലീഗ് യുഡിഎഫിന്റെ ശക്തിസ്രോതസ്സ് എന്ന് വിശേഷിപ്പിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ലീഗിന്റേത് എക്കാലത്തും ഉറച്ച മതേതര നിലപാടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നതിനിടയിലാണ് സതീശന്റെ ഈ പരാമർശം.
അതേസമയം, മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ചില വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും ചർച്ചകൾ സൌഹാർദ്ദപരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ലീഗ് വിട്ടുനൽകണമെന്ന ആവശ്യം ഉയർന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ലീഗിന്റെ ആവശ്യത്തിന്മേൽ കോൺഗ്രസ് പുതിയൊരു ഫോർമുല മുന്നോട്ടുവെച്ചിട്ടുണ്ട്. നാല് മന്ത്രിസ്ഥാനങ്ങളും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ തന്നെ ലീഗ് ഉറച്ചുനിൽക്കാനാണ് സാധ്യത. രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ജോസഫ് വിഭാഗത്തെ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ അന്തിമവട്ട ചർച്ചകൾ നടക്കുകയാണ്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിലും വരും മണിക്കൂറുകളിൽ വ്യക്തത വരും.