ചെന്നിത്തലയ്ക്ക് ആഭ്യന്തരം?; ഒപ്പമുള്ള നാല് പേരുടെ പട്ടിക കൈമാറി, രണ്ടാം ദിവസവും വഴുതയ്ക്കാട്ടെ വീട്ടിലെത്തി കണ്ട് സതീശൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ ചേരുന്നതിനെച്ചൊല്ലി വിട്ടുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചർച്ചകൾ ഫലം കാണുന്നു. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം മന്ത്രിസ്ഥാനം ഉറപ്പുനൽകിയതായാണ് സൂചന. ഇതോടെ അദ്ദേഹം സതീശൻ ക്യാബിനറ്റിൽ രണ്ടാമനായി എത്തിയേക്കും. തുടർച്ചയായി രണ്ടാം ദിവസമാണ് വി.ഡി. സതീശൻ ചെന്നിത്തലയെ വഴുതയ്ക്കാട്ടെ വസതിയിലെത്തി കണ്ടത്.

താൻ മന്ത്രിസഭയിലെത്തുന്നതിനൊപ്പം തന്റെ പക്ഷത്തുള്ള നാല് പ്രമുഖ നേതാക്കളെക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ശക്തമായ ആവശ്യം ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ചെന്നിത്തല സതീശന് കൈമാറിയത്.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിൽ ഏകദേശ ധാരണയായെങ്കിലും അദ്ദേഹം നിർദ്ദേശിച്ച നാല് പേരുടെയും കാര്യത്തിൽ ഹൈക്കമാൻഡും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. വരും മണിക്കൂറുകളിൽ കെ.സി. പക്ഷവുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമേ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് പൂർണ്ണരൂപമാകൂ.

Leave a Reply

Your email address will not be published. Required fields are marked *