തിരുവനന്തപുരം: സതീശൻ ക്യാബിനറ്റിൽ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും. കോൺഗ്രസ് ക്യാമ്പിൽ നിന്ന് ആറ് പേർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, സണ്ണി ജോസഫ് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച പ്രമുഖർ. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറാകുമെന്നാണ് സൂചന.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി എന്നിവർ പങ്കെടുത്ത ചർച്ചയിൽ ധാരണയായിരുന്നു. ആഭ്യന്തരത്തിന് പുറമെ തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന പുതിയ ഉപാധി ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. അൻവർ സാദത്തിന് പദവി നൽകിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.

മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ എട്ടുപേരുടെ പട്ടികയുമായി കെ.സി. വേണുഗോപാൽ പക്ഷം രംഗത്തുണ്ട്. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർക്കൊപ്പം എൻ. ശക്തൻ, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം നിർദ്ദേശിച്ചിട്ടുണ്ട്. വി.ഡി. സതീശന്റെ വ്യക്തിപരമായ താല്പര്യപ്രകാരമാണ് കെ. മുരളീധരനും ചാണ്ടി ഉമ്മനും പട്ടികയിലെത്തിയത്.
സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായപ്പോൾ അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവരുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.