ആശാ പ്രവർത്തകർക്ക് കൈത്താങ്ങാകാൻ സർക്കാർ; നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി സമരസമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം നേരിട്ട് കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. അവിടെ വെച്ച് ആശാ വർക്കർമാരുടെ സമരസമിതി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകർക്ക് വേതനം വർദ്ധിപ്പിക്കുമെന്ന് വി.ഡി. സതീശൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു.

ആശാ വർക്കർമാരുടെ വേതന പരിഷ്കരണവും ആനുകൂല്യങ്ങളും സംബന്ധിച്ച വിഷയം വരാനിരിക്കുന്ന ആദ്യ മന്ത്രിസഭാ യോഗം തന്നെ പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സമരസമിതി നേതാക്കളായ എം.എ. ബിന്ദു, മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാനെത്തിയത്.

തങ്ങളുടെ സമരസമയത്ത് വി.ഡി. സതീശൻ നൽകിയ വൈകാരികവും ശക്തവുമായ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് ഇന്ന് നേരിട്ടെത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി. തങ്ങൾക്കായി അന്ന് നടത്തിയ പ്രഖ്യാപനം പുതിയ സർക്കാർ ഔദ്യോഗിക തീരുമാനമായി നടപ്പിലാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്ന് എം.എ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ കൂടുന്ന ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് ആശാ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *