ആശ്വാസമായി വെടിനിർത്തൽ; ഇസ്രയേൽ – ലെബനോൻ സമാധാന കരാർ 45 ദിവസത്തേക്ക് കൂടി നീട്ടി

വാഷിങ്ടൺ: ഇസ്രയേലും ലെബനോനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. വാഷിങ്ടണിൽ വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ നടത്തിയ രണ്ട് ദിവസത്തെ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് കരാർ നീട്ടാൻ തീരുമാനമായത്. നിലവിലെ വെടിനിർത്തൽ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ പുതിയ പ്രഖ്യാപനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിൽ വളരെ പ്രൊഡക്ടീവായ ചർച്ചകളാണ് നടന്നതെന്ന് അമേരിക്ക വ്യക്തമാക്കുമ്പോഴും, അതിർത്തികളിൽ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇപ്പോഴും നേരിയ രീതിയിലുള്ള ആക്രമണങ്ങൾ തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, ചൈനയുമായി നിലനിന്നിരുന്ന പ്രകോപനപരമായ നിരവധി നയതന്ത്ര പ്രശ്നങ്ങൾക്ക് പരിഹാരമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചൈനാ സന്ദർശനത്തിന് ശേഷം ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.

തായ്‌വാൻ വിഷയത്തിൽ അമേരിക്ക തങ്ങളുടെ നിലവിലെ നയം തന്നെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. തായ്‌വാൻ ചൈനയിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തായ്‌വാന് ആയുധങ്ങൾ നൽകുന്നതിനായുള്ള 1400 കോടി ഡോളറിന്റെ വൻ കരാർ അംഗീകരിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് ട്രംപ് അറിയിച്ചു.

തന്റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായി, ഇറാനിയൻ എണ്ണ വഹിച്ചിരുന്ന മൂന്ന് ചൈനീസ് എണ്ണ ടാങ്കറുകളെ ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ അമേരിക്ക അനുവദിച്ചതായും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *