മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിലേക്ക്; ഘടകകക്ഷികളുമായി കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ചകൾ ഇന്ന്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം ബന്ധപ്പെട്ട വകുപ്പ് വിഭജനത്തിനും സീറ്റ് നിർണ്ണയത്തിനുമായി കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11 മണി മുതലാണ് ചർച്ചകൾ ആരംഭിക്കുന്നത്. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാകും ചർച്ചകൾ പുരോഗമിക്കുക.

ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത. നാല് മന്ത്രിസ്ഥാനവും ഒരു പ്രധാന കാബിനറ്റ് പദവിയും നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഇന്ന് ചേരുന്ന മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവർ മന്ത്രിമാരായേക്കും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരിൽ മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി ഇവരെ അനുനയിപ്പിച്ചേക്കുമെന്നാണ് സൂചന.

തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകുന്നതോടെ മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണമായ ഔദ്യോഗിക ചിത്രം പുറത്തുവരും. ഈ മാസം 23-നാണ് പുതിയ സ്പീക്കർക്കായുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *