മന്ത്രിസഭാ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു; കെ.സി. വേണുഗോപാൽ കേരളത്തിലേക്ക്, വകുപ്പ് വിഭജനത്തിൽ നിർണ്ണായക നീക്കം

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായുള്ള മന്ത്രിസഭാ ചർച്ചകൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിലെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം, മന്ത്രിസഭയിൽ തന്റെ പക്ഷത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് മന്ത്രിസ്ഥാനങ്ങളും പ്രധാന വകുപ്പുകളും കെ.സി. പക്ഷം ആവശ്യപ്പെടുമെന്നാണ് സൂചന.

പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് കന്റോൺമെന്റ് ഹൗസിൽ ചേരും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് പ്രാഥമിക ധാരണ. അതിനാൽ ഇന്നത്തെ യോഗത്തിൽ തന്നെ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും അന്തിമ തീരുമാനമെടുക്കാൻ മുന്നണി ശ്രമിക്കും.

63 സീറ്റുകളുടെ മുൻതൂക്കമുള്ള കോൺഗ്രസ് ഇത്തവണ 11 മന്ത്രിസ്ഥാനങ്ങൾ കൈക്കലാക്കാനാണ് സാധ്യത. മലബാറിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നു. കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി തുടങ്ങിയ പാർട്ടികളും തങ്ങളുടെ അവകാശവാദങ്ങളുമായി രംഗത്തുണ്ട്.

ഇടതുമുന്നണി വിട്ടെത്തി യുഡിഎഫ് പിന്തുണയോടെ വിജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന കാര്യമാണ്. ഇവരുടെ അനുഭവസമ്പത്ത് ഭരണത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലുകൾ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *