മുസ്ലിം ലീഗിന്റെ സ്നേഹഭവനങ്ങളിൽ ഇന്ന് ഗൃഹപ്രവേശം; ചൂരൽമലയുടെ കണ്ണ്നീരൊപ്പാൻ തണലൊരുങ്ങി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമിച്ച വീടുകളുടെ ഗൃഹപ്രവേശം ചടങ്ങ് ഇന്ന് നടക്കും. പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടമായി പൂർത്തിയാക്കിയ 51 വീടുകളിലാണ് ഗുണഭോക്താക്കൾ ഈ മാസം തന്നെ താമസം ആരംഭിക്കുന്നത്.

1060 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ വീടുകൾ മൂന്ന് കിടപ്പുമുറികൾ അടങ്ങുന്ന വീടിനൊപ്പം ആവശ്യമായ ഫർണിച്ചറുകളും ലീഗ് ലഭ്യമാക്കിയിട്ടുണ്ട്. ഓരോ വീടിനുമായി 8 സെന്റ് ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് ഈ ആധുനിക ഗ്രാമം ഒരുങ്ങിയിരിക്കുന്നത്.

ഗൃഹപ്രവേശം

ഇന്ന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, പി.കെ. ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ദുരന്തബാധിതരുടെ സ്വകാര്യത മാനിച്ചു കൊണ്ട് ബന്ധുക്കളും ക്ഷണിക്കപ്പെട്ടവരും മാത്രമാണ് ചടങ്ങിൽ സംബന്ധിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കുടുംബങ്ങൾ തങ്ങളുടെ വീടുകളിൽ പ്രവേശിച്ചിരുന്നു.

കുടുംബങ്ങളുടെ കണ്ണീർ തുടച്ച്, അവർക്ക് പുതിയൊരു ജീവിതം കരുപിടിപ്പിക്കാൻ കരുത്തേകുന്നതാണ് മുസ്ലിം ലീഗിന്റെ ഈ സുപ്രധാനമായ പുനരധിവാസ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *