ജഡ്ജിക്ക് കത്തെഴുതി കെജ്‌രിവാൾ;”നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല, ഇനി സത്യാഗ്രഹത്തിന്റെ പാത”

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയക്കേസിൽ ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും, അതിനാൽ മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കത്ത് നൽകിയത്. നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകില്ലെന്ന് അദ്ദേഹം കത്തിൽ ഉറപ്പിച്ചു പറഞ്ഞു.

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന് താൻ കരുതുന്നില്ലെന്നും തന്റെ ഉൾവിളി അനുസരിച്ചാണ് ഹാജരാകാതിരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും, അവരുടെ രണ്ട് മക്കളും സർക്കാർ അഭിഭാഷക പാനലിലുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സ്വാധീനത്താലാണ് കേസ് ഇവർക്ക് ലഭിച്ചതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതാണെന്നും എന്നാൽ ഫെബ്രുവരി 27-ന് വിചാരണാ കോടതി തന്നെ നിരപരാധിയായി പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ കോടതിയെ അനാദരിക്കുകയല്ലെന്നും മറിച്ച് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യത്തിന്റെ പാത എളുപ്പമല്ലെന്നും കള്ളക്കേസുകളെ സത്യാഗ്രഹം കൊണ്ട് നേരിടുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. കെജ്‌രിവാളിന്റെ ഈ അസാധാരണ നീക്കം ദേശീയ രാഷ്ട്രീയത്തിലും നിയമവൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *