മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിർണ്ണായകം, ഹൈക്കമാൻഡ് തിരക്കിട്ട ചർച്ചകളിൽ

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ പ്രഖ്യാപനം വൈകുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെയും മറ്റ് കേന്ദ്ര നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിലായിരുന്നതിനാൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കാത്തതാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീളാൻ കാരണമായത്.

വി.ഡി. സതീശനായി മുസ്ലീം ലീഗ് നടത്തുന്ന ശക്തമായ സമ്മർദ്ദത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഘടകകക്ഷികൾ അതിരുവിടുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. എങ്കിലും, മുന്നണി മര്യാദ പാലിച്ച് ലീഗിനെ പിണക്കാതെ പ്രശ്നം പരിഹരിക്കാനാണ് ഡൽഹിയിലെ നീക്കം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചകൾ പൂർത്തിയായതായും അന്തിമ പ്രഖ്യാപനം ഹൈക്കമാൻഡ് ഉടൻ നടത്തുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. എന്നാൽ, ഘടകകക്ഷികളുടെയും പൊതുജനവികാരത്തിന്റെയും അടിസ്ഥാനത്തിൽ വി.ഡി. സതീശനും, സീനിയോറിറ്റി പരിഗണിച്ച് രമേശ് ചെന്നിത്തലയും മത്സരരംഗത്തുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഭരണസൂത്രവാക്യം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്.

തീരുമാനം വൈകുന്നതിൽ കേരളത്തിലെ അണികൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ ഡൽഹിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മൂന്ന് നേതാക്കളും ഇപ്പോഴും വലിയ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *