‘സമ്മർദ്ദത്തിന് വഴങ്ങില്ല, സൈനിക സാഹസികത വേണ്ട’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: ‘സമ്മർദ്ദത്തിന് വഴങ്ങില്ല, സൈനിക സാഹസികത വേണ്ട’ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സൈന്യം ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെ നിലപാട് കർശനമാക്കി ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കരുതലില്ലാത്ത സൈനിക സാഹസികത അംഗീകരിക്കില്ലെന്നും തങ്ങൾ ഒരിക്കലും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ഇറാന്റെ ശക്തമായ പ്രതികരണം.

ഹോർമുസ് കടലിടുക്കിൽ ഇരുപക്ഷവും പരസ്പരം ആക്രമണങ്ങൾ നടത്തിയതായും ഇറാൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് മേഖലയിൽ വലിയ യുദ്ധഭീതി പരത്തിയിട്ടുണ്ട്. സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും വെടിനിർത്തൽ ഉടമ്പടിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. സമാധാന നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഇറാൻ ഉടൻ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ചർച്ചകൾക്കിടയിലെ സൈനിക നീക്കങ്ങൾ നയതന്ത്ര പരിഹാരത്തിന് തടസ്സമാകുമെന്നാണ് ഇറാന്റെ പക്ഷം.

നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *