‘എല്ലാം പറഞ്ഞു കഴിഞ്ഞു, ഇനി പ്രഖ്യാപനം മാത്രം’; ഹൈക്കമാൻഡ് തീരുമാനം ഏവരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി നടപ്പാക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളെല്ലാം പൂർത്തിയായെന്നും ഇനി ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. ഇനി പുതിയ ചർച്ചകളുടെ ആവശ്യമില്ല. കഴിഞ്ഞ തവണ ഇടതുമുന്നണി സർക്കാർ രൂപീകരിക്കാൻ എടുത്ത സമയത്തെ അപേക്ഷിച്ച് കോൺഗ്രസ് ഒട്ടും വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടിയുടെ അന്തിമ തീരുമാനം എന്തുതന്നെയായാലും എല്ലാ കോൺഗ്രസ് പ്രവർത്തകരും അത് അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനവിധി വന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രഖ്യാപനം വൈകുന്നതിൽ അണികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം തേടി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഘടകകക്ഷികളുടെ സമ്മർദ്ദമാണ് പ്രഖ്യാപനം നീളാൻ കാരണമെന്നാണ് സൂചന. വി.ഡി. സതീശനായി മുസ്ലീം ലീഗ് നടത്തുന്ന നീക്കങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും മുന്നണി ഐക്യം കണക്കിലെടുത്ത് സമവായ ഫോർമുലയ്ക്കായി ഡൽഹിയിൽ ശ്രമം നടക്കുകയാണ്.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ ആര് തിരഞ്ഞെടുക്കപ്പെടുമെന്ന് ഇന്നോ നാളെയോ അറിയാൻ സാധിക്കുമെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ. നേതാക്കളെ അനുനയിപ്പിച്ചുകൊണ്ട് വരും മണിക്കൂറുകളിൽ ഡൽഹിയിൽ നിന്ന് പ്രഖ്യാപനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *