46 എംഎൽഎമാരുടെ പിന്തുണയുമായി കെ.സി. വേണുഗോപാൽ മുന്നിൽ; സതീശനും ചെന്നിത്തലയും ബഹുദൂരം പിന്നിൽ

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണ്ണായക കൂടിക്കാഴ്ച കെപിസിസി ആസ്ഥാനത്ത് പൂർത്തിയായി. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ഓരോ എംഎൽഎമാരെയും വ്യക്തിപരമായി കണ്ട് നടത്തിയ ഹിതപരിശോധനയിൽ കെ.സി. വേണുഗോപാൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതായാണ് വിവരം.

63 കോൺഗ്രസ് എംഎൽഎമാരിൽ 46 പേർ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിരീക്ഷകർക്ക് മുന്നിൽ നിലപാടെടുത്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാടും കെ.സിക്ക് അനുകൂലമായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. 6 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് വി.ഡി. സതീശന് ലഭിച്ചത്. മൂന്ന് പേർ ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ തന്നോടൊപ്പമുള്ള എംഎൽഎമാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രമേയം എംഎൽഎമാരുടെ യോഗം പാസാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി.

നിരീക്ഷകർ ഇന്ന് വൈകുന്നേരം ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് അറിയിച്ചിട്ടുള്ളതെങ്കിലും കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷം കെ.സിക്കൊപ്പം ആയതിനാൽ ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാകും. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തി ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *