ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഗസയിൽ സമാധാന ചർച്ചകൾക്കിടെ വീണ്ടും തിരിച്ചടി

ഗസ: മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഗസയിലുണ്ടായ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസ്സാം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം മരണവാർത്ത സ്ഥിരീകരിച്ചു.

ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിർണ്ണായക ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ തയ്യാറാക്കിയ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധികൾ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സമയമായിരുന്നു ഇത്.

ഇത്തരം ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെയും സമാധാന ശ്രമങ്ങളെയും അട്ടിമറിക്കാനാണെന്ന് ഖലീൽ അൽ ഹയ്യ ആരോപിച്ചു. സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നും അദ്ദേഹം അൽ ജസീറയോട് പ്രതികരിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം. 2008, 2014 ഗസയിലെ സൈനിക നടപടികളിൽ രണ്ട് മക്കൾ കൊല്ലപ്പെട്ടു. ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മറ്റൊരു മകൻ കൂടി കൊല്ലപ്പെട്ടു.

ഏഴ് മക്കളുള്ള ഖലീൽ അൽ ഹയ്യ പലതവണ ഇസ്രയേലിന്റെ വധശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്. സമാധാന ചർച്ചകൾ പുരോഗമിക്കവെ നടന്ന ഈ ആക്രമണം മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം

Leave a Reply

Your email address will not be published. Required fields are marked *