‘എംഎൽഎമാരുടെ എണ്ണം നിർണ്ണായകം’; പക്ഷം പിടിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്, പുറത്തുവന്ന കണക്കുകൾ തള്ളി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഏറെ പ്രധാനമാണെന്ന് കെപിസിസി അധ്യക്ഷനും നിയുക്ത എംഎൽഎയുമായ സണ്ണി ജോസഫ് വ്യക്തമാക്കി. എഐസിസി നിരീക്ഷകർക്ക് മുന്നിൽ താൻ പ്രത്യേക പക്ഷം പിടിച്ചിട്ടില്ലെന്നും നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ജോസഫ്

എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയതെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ചിത്രങ്ങൾ എന്ന പേരിൽ പുറത്തുവന്നവ അദ്ദേഹം തള്ളിക്കളഞ്ഞു. വളരെ വ്യത്യസ്തമായ സംഖ്യകൾ പിന്തുണയുടെ കാര്യത്തിൽ വരുമ്പോൾ അത് നേതൃത്വം ഗൗരവമായി പരിശോധിക്കണം. നേതാക്കൾക്കിടയിൽ സമവായമുണ്ടാകണം. പ്രവർത്തകർ നടത്തുന്ന പ്രകടനങ്ങളും ഫ്ലെക്സ് യുദ്ധങ്ങളും നേതാക്കൾ തന്നെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് വൻ പിന്തുണയുണ്ടെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സണ്ണി ജോസഫിന് പുറമെ സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ എന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ആറ് എംഎൽഎമാർ മാത്രമാണ് പിന്തുണച്ചത്. ചെന്നിത്തലയും സതീശനും നിരീക്ഷകരെ നേരിട്ട് കണ്ട് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *