കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാൾ ഭരണതലപ്പത്ത് വൻ അഴിച്ചുപണി. മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും കൂട്ടത്തോടെ രാജിവെച്ചു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ തങ്ങളുടെ മുഖ്യ ഉപദേശക സ്ഥാനങ്ങൾ ഒഴിഞ്ഞു. കേന്ദ്രവുമായുള്ള തർക്കങ്ങളിൽ മമതയുടെ ശക്തമായ കവചമായി നിന്നവരായിരുന്നു ഇരുവരും. പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധൻ അഭിരൂപ് സർക്കാർ എന്നിവരും രാജി സമർപ്പിച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ പടിയിറങ്ങിയിരുന്നു.

294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം കുറിച്ചതോടെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യമായി. പരാജയപ്പെട്ടെങ്കിലും താൻ വിട്ടുകൊടുക്കില്ലെന്നും പ്രതിപക്ഷ നിരയെ നയിക്കുമെന്നുമാണ് മമത ബാനർജിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന വിചിത്രമായ നിലപാടാണ് മമത ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ ആറോളം പേർ കൊല്ലപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും കൊല്ലപ്പെട്ടവരിലുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷാ ഏർപ്പാടുകൾ ശക്തമാക്കിയിരിക്കുകയാണ്. തൃണമൂൽ ഭരണകാലത്ത് നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടരാജി പുതിയ സർക്കാരിന് കീഴിൽ സിവിൽ സർവീസ് തലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.