കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്ര സർക്കാർ വരുത്തിയ റെക്കോർഡ് വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് പണിമുടക്കുന്നു. പാചകവാതക വില വർധന കാരണം കടകൾ പൂർണ്ണമായും അടച്ചിടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണവും ഇന്ന് തടസ്സപ്പെടും.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളെല്ലാം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില സംസ്ഥാനത്ത് മൂവായിരം രൂപ കടന്നു.
മുൻപ് നൂറും ഇരുനൂറും രൂപ കൂട്ടിയിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് ഇത്രയും വലിയ തുക വർദ്ധിപ്പിച്ചത് ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്ന് വ്യാപാരികൾ പറയുന്നു. ലോക്ക്ഡൗണിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്ന ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഇത് കടുത്ത തിരിച്ചടിയാണ്. പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭക്ഷണ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായേക്കും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയും സാമ്പത്തികമായി ബാധിക്കും.